ആദ്യമായി ഞാൻ പത്രം വായിച്ച് പഠിക്കുന്നത് കേരളകൗമദിയിലൂടെയാണ്, കാരണം എന്റെ മുത്തശ്ശനും കേരളകൗമദിയുടെ പത്രാധിപർ സുകുമാരൻജിയും നിത്യ മിത്രങ്ങളായിരുന്നു അതുകൊണ്ട് വീട്ടിലും കേരളകൗമദി പത്രമാണ് വരുത്തിയിരുന്നത്, അതുകൊണ്ടുതന്നെയാണ് കേരളകൗമദി കാണുമ്പോൾ ഒരു മാതൃത്വം അനുഭവപ്പെടുന്നതും. എന്നാൽ ഇന്ന് ആ പത്രം കാണുമ്പോൾ സരസ്വതിക്ക് പകരം വികടസരസ്വതിയുടെ ആവാസകേന്ദ്രമായി തോന്നുന്നു. തെറ്റായ വാർത്ത പ്രസിദ്ധീകരിച്ചതിൽ അഡ്വ ശ്രീധരൻ പിള്ളയോട് ക്ഷമ ചോദിച്ച് കേരളകൗമദി വാർത്തയിറക്കിയത് കണ്ടു; നിയമ നടപടിക്ക് തുനിഞ്ഞ പിള്ളയോട് കേരളകൗമദി പറയുന്നു "ഏതെങ്കിലും വ്യക്തിയെ അധിക്ഷേപിക്കുക എന്നത് കേരളകൗമദിയുടെ പ്രവർത്തന രീതിയല്ലെന്ന് ".
കേരളകൗമദി ഒന്ന് ചോദിച്ചോട്ടെ, ഒരു സന്യാസിയെന്നനിലയിൽ ഒരു പരിചയക്കാരനെ അല്ലെങ്കിൽ ഒരു സഹജീവിയെ ആപത്തിൽ സഹായിക്കുന്നത് പുബ്ലിസിറ്റിക്ക് വേണ്ടിയെന്ന് പറയുന്നത് അധിക്ഷേപമല്ലെ? പീതാംബര കുറുപ്പിന്റെ വിഷയത്തിൽ ഞാൻ പ്രതികരിച്ചത് ന്യായം ഉണ്ടെന്ന് തോന്നിയതുകൊണ്ടാണ്. പബ്ലിസിറ്റിക്ക് ആഗ്രഹിക്കുന്നവർ പൊതുവെ പരസ്യപ്രിയരാണ് എന്റെ ഏതെങ്കിലും പരസ്യം ഒരു മാധ്യമത്തിൽ ഞാൻ നൽകിയത് കാണിച്ചുതരാൻ സാധിക്കുമോ? ഓണ്‍ലൈനിൽ വന്ന എന്റെ വാർത്ത വളരെ മനോഹരമായി എടുത്ത് എഴുതുകയും അവസാനം തങ്ങളുടെ ഒരു സിഗ്നേച്ചർ കാണിക്കാൻ വേണ്ടി നല്ല സദ്യ വിളമ്പിയതിന് ശേഷം ഒരു സ്പൂണ്‍ അമേധ്യം അരുകിൽ വെച്ചപോലെ കാണിച്ചത് തീരെ മോശമായിപ്പോയി. ഇത്തരം പ്രശ്നങ്ങൾക്ക് കാരണം പത്രത്തിന്റെ ഭരണസമിതിയല്ലെന്ന് എനിക്കറിയാം.
കള്ളും കഞ്ചാവും അടിച്ച് ബോധം പോയി വാർത്ത എഴുതുന്ന പല മാധ്യമ പ്രവർത്തകരുടേയും വാർത്ത വായിക്കുന്ന ജനങ്ങൾക്ക് എങ്ങനെയാണ് തിരിച്ചറിവ് ഉണ്ടാകുക. മാധ്യമ സ്ഥാപനങ്ങളിൽ ജോലിക്ക് എടുക്കുമ്പോൾ ഒരു വ്യക്തിയുടെ ആത്മശുദ്ധിയും സംസ്കാരവും തിരിച്ചറിവും കൂടി പരിശോധിക്കണം അല്ലെങ്കിൽ ജനങ്ങൾ മാധ്യമങ്ങളെ ബഹിഷ്ക്കരിക്കും. ശ്രീ നാരായണ ദർശനത്തിൽ അടിയുറച്ച് നിന്നിരുന്ന ശ്രീ സുകുമാരൻജിയുടെ പ്രഭചൊരിയുന്ന കേരളകൗമദി മറ്റ് മാധ്യമങ്ങളെ പോലെ ഊളത്തരം അടിച്ച് വിടാൻ പാടില്ല. ധർമ്മത്തിന് എതിരായ കർമ്മം നിർവഹിച്ചാൽ നമ്മളെ വിമർശിക്കാനും ശാസിക്കാനും തിരുത്താനും എല്ലാ മാധ്യമങ്ങൾക്ക് ജനത്തിനും അധികാരമുണ്ട്, അതേസമയം മറ്റേതെങ്കിലും നേട്ടതിനുവേണ്ടി അനാവശ്യമായി വാർത്ത സൃഷ്ട്ടിച്ചു ജനങ്ങളെ അപമാനിച്ചാൽ ആമേൻ സിനിമയിലെ വിശുദ്ധ പൊതി കൊണ്ട് സർവ്വ ബുറോയിലും ജനങ്ങൾ സദ്യനടത്തും. ഒരാൾക്ക് പണികൊടുക്കുന്ന റിസ്ക് മല ബോംബ് പരിപാടിക്കില്ലെന്ന് നിയമ വകുപ്പ് പരിശോധിച്ചാൽ മനസ്സിലാകും.
എല്ലാ മാധ്യമ പ്രവർത്തകരും മോശക്കാരല്ല, സാമൂഹിക പ്രതിബദ്ധതയുള്ള ധാരാളം മാധ്യമ പ്രവർത്തകർ ഉണ്ട് അതിൽ ചില പിത്രുശൂന്യന്മാർ കാണിക്കുന്ന പോക്കിരിതരങ്ങളാണ് പ്രസ്ഥാനത്തിനും സമൂഹത്തിനും തലവേദനയാകുന്നത്. എന്റെ പ്രതികരണം സമൂഹത്തിന്റെ ശബ്ദമാണ് എത്രനാൾ മാധ്യമ മാഫിയകൾക്ക് ആ ശബ്ദത്തെ അടച്ചുവെക്കാൻ സാധിക്കും. മാധ്യമങ്ങളെ തീറ്റിപോറ്റാനുള്ള സാമ്പത്തിക അടിത്തറയും മറ്റുള്ള കള്ളപ്പണക്കാരെ പോലെ എനിക്കില്ല, അതേസമയം സമൂഹത്തിന്റെ നന്മക്ക് വേണ്ടിയുള്ള മാർഗ്ഗങ്ങളും വിദ്യകളും ഗുരു കൃപയാൽ എന്റെ പക്കൽ ഉണ്ട്, എന്നിലൂടെ ധനമാണ് മാധ്യമങ്ങൾ ലക്ഷ്യമിടുന്നതെങ്കിൽ ക്ഷമിക്കണം പിച്ചക്കാരനാണ്, അതേസമയം ലോകനന്മയാണെങ്കിൽ എന്നെ നിങ്ങൾക്ക് സ്വീകരിക്കാം.
എന്റെ മാധ്യമങ്ങളെ അറിയാം മേലാഞ്ഞിട്ട് ചോദിക്കുവാ; എന്നെ നന്നാവാൻ നിങ്ങൾ സമ്മതിക്കില്ലേ?